Thursday, 14 June 2018

ഇഷ്ടപുസ്തകങ്ങള്‍ - ആദര്‍ശ് യു ആര്‍



ഒരു ഡിസൈനറായതിനാല്‍ വായനയോട് പ്രത്യേക ഇഷ്ടമുണ്ട്. ഇഷ്ടമുള്ള പുസ്തകങ്ങള്‍ മനസിരുത്തി വായിക്കുന്നതാണ് ശീലം. പല പുസ്തകങ്ങളും കൂട്ടുകാരുടെ കൈയ്യില്‍ നിന്നും എടുത്തോണ്ട് പോന്ന് വായിച്ചതാണ്. ചിലതൊക്കെ ഇന്നും തിരിച്ചുകൊടുത്തിട്ടില്ല എന്നത് മറ്റൊരു കാര്യം. പെട്ടെന്ന് മനസിലേക്ക് വരുന്ന മൂന്ന് ഇഷ്ടപുസ്തകങ്ങള്‍ മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍,  ചേതന്‍ ഭഗത്തിന്റെ ടു സ്റ്റേറ്റ്‌സ്, റോബര്‍ട്ട് ലൂയി സ്റ്റീവന്‍സന്റെ ട്രഷര്‍ ഐലന്റ് എന്നിവയാണ്.

പഠിക്കുമ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ് നമ്മുടെ രാഷ്ട്രപിതാവിനേയും അദ്ദേഹത്തിന്റെ ആത്മകഥയും. പക്ഷേ, വായിച്ചത് കുറച്ച് നാള്‍ മുമ്പാണെന്ന് മാത്രം. ചെറുപ്പം മുതലേയുള്ള കാര്യങ്ങള്‍ മനോഹരമായി പ്രതിപാദിച്ച് ഏവര്‍ക്കും പ്രചോദനമാവുന്ന ഒരു ഗ്രന്ഥമാണത്.

ടു സ്‌റ്റേറ്റ്‌സ് എന്ന സിനിമ കാണുന്നതിനു തൊട്ടുമുമ്പാണ് ചേതന്‍ ഭഗത്തിന്റെ ആ നോവല്‍ വായിച്ചത്. എത്ര ലളിതമാണ് ആ എഴുത്ത്! ആര്‍ക്കും മനസിലാവുന്ന രീതിയില്‍ ഒരു മോഡേണ്‍ ഡേ ലവ് സ്‌റ്റോറിയാണ് ടു സ്‌റ്റേറ്റ്‌സ്. മനോഹരമായ പ്രണയകഥ മനസിനെ സ്പര്‍ശിക്കുന്ന രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു. രണ്ട് വീട്ടുകാരേയും ഒരുമിപ്പിക്കുന്നതൊക്കെ ഏറെ ഇഷ്ടപ്പെട്ടു.

ജേണി ടു ദി മിസ്റ്റീരിയസ് ഐലന്‍ഡ് എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. അതിലാണ് ട്രഷര്‍ ഐലന്‍ഡ് എന്ന നോവലിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. കടല്‍ക്കൊള്ളക്കാരും നിധിയും കടലുമൊക്കെ എന്നും കൗതുകങ്ങള്‍ തന്നെയാണ്.

Monday, 11 June 2018

ഇഷ്ടപുസ്തകങ്ങള്‍- നിസാര്‍ കെ എം




ജീവിതത്തിരക്കിനിടയില്‍ വായനയ്ക്കായി അധികമൊന്നും സമയം ചെലവഴിക്കാന്‍ കഴിയാത്തതിന്റെ കുറ്റബോധം എപ്പോഴുമുണ്ട്. എങ്കിലും ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ എല്ലാം മനസില്‍ സിനിമയിലെന്ന പോലെ തങ്ങി നില്‍ക്കുകയും വീണ്ടുമാവര്‍ത്തി വായിച്ചുനോക്കാന്‍ പ്രേരിപ്പിക്കാറുമുണ്ട്. എന്റെ മനസില്‍ പെട്ടെന്നെത്തി നില്‍ക്കുന്ന ഇഷ്ടപുസ്തകങ്ങള്‍ ബെന്യാമിന്റെ ആടുജീവിതം, വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍, മുഹമ്മദ് ഷഫീഖിന്റെ കടവത്തൂര്‍ കനവുകള്‍ എന്നിവയാണ്.

ഒരു പ്രവാസിയായതിനാല്‍ കൂടിയാണ് ആടുജീവിതം എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. നായകനായ നജീബിനെപ്പോലെ അത്തരം ആടുജീവിതം നയിക്കുന്ന പലരുടെ കഥകളും നേരിട്ടറിയാവുന്നതാണ്.

മതിലുകള്‍ എന്ന ബഷീറിന്റെ നോവല്‍ പോലെ തന്നെ അതിന്റെ ചലച്ചിത്രഭാഷ്യവും ഇഷ്ടമാണ്. ആ നോവലിന്റെ സിനീമാഭാഷ്യം നോവലിനോട് അഭേദ്യമായി കൂറു പുലര്‍ത്തുന്നുണ്ട്.

എന്റെ നാടായ കടവത്തൂരിനെക്കുറിച്ചും അവിടത്തെ പരിചിതരായ കഥാപാത്രങ്ങളെക്കുറിച്ചും  കഥാസന്ദര്‍ഭങ്ങളെക്കുറിച്ചും എഴുതപ്പെട്ട നോലല്‍ എന്ന നിലയ്ക്കാണ് കടവത്തൂര്‍ കനവുകള്‍ എനിക്ക് പ്രിയപ്പെട്ടതാവുന്നത്.

Thursday, 7 June 2018

ഇഷ്ടപുസ്തകങ്ങള്‍- അബ്ദുല്‍ ലത്തീഫ് പി



വായനയോടും എഴുത്തിനോടുമുള്ള കമ്പം കൊണ്ടാണ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. ലൈബ്രറികളും വായനശാലകളും തേടി ഏറെ യാത്ര ചെയ്തിരുന്നു ഒരു കാലം. പുസ്തകങ്ങള്‍ തേടിപ്പിടിച്ചിരുന്ന നേരം. ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ നിന്നും മൂന്നെണ്ണം മാത്രം തിരഞ്ഞെടുക്കുക എന്നത് എന്നും ബുദ്ധിമുട്ടുള്ള കാര്യമാണ്.

എങ്കിലും പെട്ടെന്ന് മനസില്‍ വരുന്ന മൂന്ന് പുസ്തകങ്ങള്‍ ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലകള്‍ എന്നിവയാണ്.
എഴുത്തിലെ ഫാന്റസിയോടുള്ള ഇഷ്ടമാണ് ഇട്ടിക്കോര ഇഷ്ടപ്പെടാനുള്ള കാരണം. പുതിയ എഴുത്തുകാരില്‍ ഏറെ ഇഷ്ടവും അദ്ദേഹത്തിന്റെ എഴുത്ത് തന്നെ.

ഖസാക്കിന്റെ ഇതിഹാസം മലയാളികളുടെ സാഹിത്യപ്രേമത്തിന്റെ ഇതിഹാസമെന്ന് വിശ്വസിക്കാനാണിഷ്ടം.

സ്മാരകശികലകള്‍ ഞങ്ങള്‍ വടകരക്കാരുടെ കൂടി ചരിത്രമാണ്. വീണ്ടും വീണ്ടും വായിക്കാന്‍ തോന്നിപ്പിക്കുന്ന എന്തോ ചില മാന്ത്രികത സ്മാരകശിലകള്‍ക്കുണ്ട്.

Saturday, 2 June 2018

ഇഷ്ടപുസ്തകങ്ങള്‍- ആദില്‍ അബ്ദുല്ല


ഇഷ്ടപുസ്തകങ്ങള്‍ ഒരുപാടുണ്ട്. വായനയ്ക്ക് കൂടുതലും മോട്ടിവേഷനല്‍ പുസ്തകങ്ങളാണ് ഇഷ്ടം. വായിച്ചുകഴിഞ്ഞാല്‍ മനസില്‍ തങ്ങി നില്‍ക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ വായനയിലൂടെ ലഭിക്കണമെന്ന ആഗ്രഹവുമണ്ട്. എനിക്ക് ഇഷ്ടപ്പെട്ട മൂന്ന് പുസ്തകങ്ങള്‍ എ പി ജെ അബ്ദുല്‍കലാമിന്റെ the ignighted minds, ചാള്‍സ് ഡിക്കന്‍സിന്റെ great expectaions, വൈക്കം മുഹമ്മദ്ബഷീറിന്റെ ബാല്യകാലസഖി എന്നിവയാണ്.

അഗ്നിച്ചിറകുകളും ജ്വലിക്കുന്ന മനസുകളും എ പി ജെയുടെ മാസ്റ്റര്‍ പീസ് രചനകളാണ്. ഒറ്റവായനയിലേ നമ്മള്‍ ആ മനുഷ്യന്റെ ഫാനായി മാറും.

1800 കളിലിറങ്ങിയതാണെങ്കിലും ഇപ്പോള്‍ വായിക്കുമ്പോഴും കൗതുകവും വായനാസുഖവും നല്‍കുന്നതാണ് ഡിക്കന്‍സിന്റെ ഗ്രേറ്റ് എക്‌സ്‌പെക്‌റ്റേഷന്‍സ്.
മലയാളത്തിലെ ഇഷ്ടഎഴുത്തുകാരന്റെ ബാല്യകാലസഖി ജീവിതത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന രചനയെന്ന നിലയില്‍ ഏറെയിഷ്ടമാണ്.

Wednesday, 7 March 2018

'അറിഞ്ഞില്ല ഞാന്‍' കവിതാസമാഹാരം പ്രകാശനം

ഐ ഡി ബുക്‌സിന്റെ രണ്ടാമത്തെ പുസ്തകമായ
എ പി സഫാനയുടെ അറിഞ്ഞില്ല ഞാന്‍ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.

കണ്ണൂർ കടവത്തൂർ പി.കെ.എം.ഹയർ സെക്കന്ററി സ്കൂളിലെ എ.പി.സഫാനയാണ്
അറിഞ്ഞില്ല ഞാൻ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ്.

കടവത്തൂർ പി.കെ.എം.ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ ഹാളിൽ ഒരുക്കിയ ചടങ്ങിൽ വച്ച് ബാലസാഹിത്യകാരൻ രാജു കാട്ടുപുനം കവിതാ സമാഹാരം പ്രകാശനം ചെയ്തു.

കുട്ടിക്കാലം മുതലെ എഴുതിയ കവിതകളിൽ നിന്നും തിരഞ്ഞെടുത്തവയാണ് 
അറിഞ്ഞില്ല ഞാൻ  എന്ന കവിതാ സമാഹാരത്തിൽ ഉൾപ്പെടുത്തിയതെന്നും
സ്ത്രീകൾക്ക് സമൂഹത്തിൽ ലഭിക്കേണ്ട അർഹമായ സ്ഥാനവും സ്വാതന്ത്ര്യവുമാണ് കവിതകൾക്ക് വിഷയമാക്കിയതെന്നും സഫാന പറയുന്നു


തൃപ്രങ്ങോട്ടൂർ പഞ്ചായത് പ്രസിഡന്റ് കാട്ടൂർ മഹമൂദ്, 
സ്കൂൾ മാനേജർ പി.പി.എ സലാം,
പി.ടി.എ.പ്രസിഡൻറ് പി.മൊയ്തീൻ, പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്‍ പ്രതിനിധിയായ ഗഫൂര്‍ മൂലശേരി, സ്‌കൂളിലെ കരിയര്‍ ക്ലബ് സാരഥി നിസാര്‍ മാസ്റ്റര്‍, മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

Monday, 6 November 2017

ഇഷ്ടപുസ്തകങ്ങള്‍- യൂനുസ് മുഹ്‌യുദ്ദീന്‍



നോവലുകളാണ് കൂടുതലായും വായിക്കാറുള്ളത്. അവ ഒരേ സമയം എന്റര്‍ടെയിനറും മഹത്തായ ജീവിതപാഠങ്ങള്‍ അനുഭവിപ്പിക്കുന്നതുമാണ്. ഈയൊരര്‍ഥത്തില്‍ നോക്കുമ്പോള്‍ സിനിമകള്‍ എന്റെ രണ്ടാമത്തെ പ്രണയിനിയും. ക്ലാസിക് സിനിമകളായ ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍, ഗോള്‍ഡ് റഷ്, ബൈസിക്കിള്‍ തീവ്‌സ്, സിറ്റിസന്‍ കേന്‍ എന്നിവയുടെ കടുത്ത ആരാധകനായി ഞാന്‍ മാറിയതും ഇത് കൊണ്ട് തന്നെ.

ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങളും മറ്റും രൂപപ്പെടാന്‍ ഇവയൊക്കെയും സഹായിക്കുന്നു. ഒരു പുസ്തകം വായിക്കാനെടുക്കുമ്പോഴും ഞാന്‍ സ്വീകരിക്കുന്ന നയം ഇതാണ്. ആസ്വാദനത്തിനു പുറമേ അവയില്‍ നിന്ന് എനിക്ക് എന്തെങ്കിലും ജീവിതപാഠം ലഭിച്ചിരിക്കണം.
സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കുറ്റാന്വേഷകനോവലുകളുടേയും  മറ്റു ത്രില്ലറുകളുടേയും ആരാധകനായിരുന്നു. എന്നാല്‍ പിന്നീട് വായന സെലക്ടീവായി.

മുരസ്‌കി ഷികുബിന്റെ ഗെഞ്ചിയുടെ കഥ, ചാള്‍സ് ഡിക്കന്‍സിന്റെ ദി ഗ്രേറ്റ് എക്‌സ്‌പെക്‌റ്റേഷന്‍സ്, മാര്‍ഗരറ്റ് മിച്ചലിന്റെ ഗോണ്‍ വിത് ദ വിന്‍ഡ് എന്നിവയാണ് എന്റെ ഇഷ്ടപുസ്തകങ്ങള്‍. ഗെഞ്ചി വായിച്ചതിനു ശേഷം അതിലെ രാജകുമാരനെപ്പോലെ ഞാന്‍ എന്നെത്തന്നെ സങ്കല്‍പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് വായിക്കുന്നതിനു മുമ്പ് തന്നെ ലോകത്തിലെ ആദ്യനോവലായിരുന്നു അതെന്നറിയാമായിരുന്നു. ഒരു ക്ലാസിക് എന്നതിനേക്കാള്‍ ഇഴഞ്ഞുനീങ്ങലുകളില്ലാത്ത അവസാനം വരെ ഇരുത്തി വായിപ്പിച്ച പുസ്തകമായിരുന്നു അത്.

മറ്റു രണ്ട് പുസ്തകങ്ങളിലേയും വിപ്ലവകാരികളായ നായകരെ എനിക്ക് എളുപ്പം മനസിലാക്കാന്‍ പറ്റുന്നവരായിരുന്നു. ഒരു സ്വപ്‌നലോകത്ത് അല്‍പനേരമെങ്കിലും കഴിയാനും ചുറ്റിത്തിരിയാനും എന്നെ സഹായിച്ചവയാണ് ഈ മൂന്ന് നോവലുകളും എന്നത് തന്നെ എന്റെ തിരഞ്ഞെടുപ്പില്‍ ഇവ പ്രഥമഗണരീയതായതിനു കാരണവും.

Monday, 9 October 2017

ഇഷ്ടപുസ്തകങ്ങള്‍- അഡ്വ. ആസിഫ് അബ്ദുല്ല



വായിക്കാന്‍ കൂടുതലുമിഷ്ടം ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ കഴിയുന്ന ചെറിയ പുസ്തകങ്ങളാണ്. ഏറെ ശ്രദ്ധേയമായതും പ്രാധാന്യം നേടിയതുമായ പുസ്തകങ്ങള്‍ അപ്പപ്പോള്‍ സംഘടിപ്പിച്ച് വായിക്കാന്‍ ശ്രമിക്കാറുണ്ട്.

ശ്രീകൃഷ്ണ ആലനഹള്ളിയുടെ പാവത്താന്‍, ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സംവണ്‍,ബെന്യാമിന്റെ ആടുജീവിതം എന്നിവയാണ് ഇഷ്ടപ്പെട്ട പ്രധാനപുസ്തകങ്ങളില്‍ ചിലത്.

പാവത്താന്‍ എന്ന എന്ന നോവലിന്റെ മലയാളപരിഭാഷയാണ് വായിച്ചത്. അത് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഒരു കൊച്ചുഗ്രാമത്തില്‍ പുതുതായി കൊണ്ടുവരുന്ന പരിഷ്‌ക്കാരങ്ങള്‍ ഉണ്ടാവുന്ന മാറ്റങ്ങളെയൊക്കെ പ്രതിപാദിക്കുന്നതാണ് അതിന്റെ ഇതിവൃത്തം. ഒറ്റയിരുപ്പിന് രസം പിടിച്ചിരുന്നു വായിച്ചു. പിന്നെയുള്ളത് ചേതന്‍ ഭഗചതിന്റെ പുസ്തകങ്ങളാണ്. ഏതാണ്ടെല്ലാം ഒറ്റയിരിപ്പിനു വായിച്ചിട്ടുണ്ട്.

ബെന്യാമിന്റെ ആടുജീവിതം, ബഷീറിന്റെ പ്രേമലേഖനം എന്നിവയും ആ ഗണത്തില്‍ ആസ്വദിച്ച് വായിച്ചുതീര്‍ത്ത പുസ്തകങ്ങളാണ്. ഷെര്‍ലക് ഹോംസ് കൃതികളും ഇത് പോലെ തന്നെ ഏറെ ഇഷ്ടപ്പെട്ടവയാണ്.

Sunday, 24 September 2017

ഇഷ്ടപുസ്തകങ്ങള്‍- അബ്ദു വിളക്കോട്ടൂര്‍

വായനയെക്കാള്‍ ബ്രൗസിങ്ങും ഇ റീഡിങ്ങുമാണ് കൂടുതലും ഇഷ്ടം. പുതിയ കാലത്തെ ട്രെന്‍ഡുകളും തിരക്കുകളും കൊണ്ടാവാം ഇത്. സ്‌കൂള്‍ കാലഘട്ടത്തിലും പാഠപുസ്തകങ്ങള്‍ മാത്രമായിരുന്നു വായനയുടെ ലോകം.

വായിച്ചയവയില്‍ എന്റെ ഇഷ്ടപുസ്തകങ്ങള്‍ ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ എ സോംഗ് ഓഫ് ഐസ് ആന്റ് ഫയര്‍, ബെന്യാമിന്റെ ആടുജീവിതം, ബഷീറിന്റെ ബാല്യകാലസഖി എന്നിവയാണ്.

എ സോംഗ് ഓഫ് ഫയര്‍ ഇഷ്ടപ്പെടാനുള്ള കാരണം അത് ഫാന്റസി ആണെന്നതുകൊണ്ടാണ്. അതിന്റെ അവലംബമായി ഇംഗ്ലീഷില്‍ ഒരു സീരീസ് തന്നെ ഇറങ്ങിയിരുന്നു. അത് കണ്ടപ്പോഴേ ഉള്ള താല്പര്യം വായനയിലേക്കും നീണ്ടു.

ഒരു കൂട്ടുകാരന്റെ നിര്‍ദേശപ്രകാരമാണ് ആടുജീവിതം വായിച്ചത്. ഒറ്റയിരിപ്പിന് രസിച്ചിരുന്ന് വായിക്കുകയും ചെയ്തു. ബാല്യകാലസഖി ഇഷ്ടപ്പെടാനുള്ള കാരണം അതിന്റെ അവതരണമാണ്. മനോഹരമായ പ്രണയകാവ്യം.

Thursday, 14 September 2017

ഒരു അലസന്റെ മാനിഫെസ്റ്റോ അഥവാ എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍



മുഹമ്മദ് ഷഫീഖ്


മുടി നീണ്ടു വളര്‍ന്ന് തോളറ്റം വരേയും ഇടതൂര്‍ന്ന് ഇഴകള്‍ ഇടയ്‌ക്കെങ്കിലും കവിളിലേക്കും ചുണ്ടിലേക്കും പടര്‍ന്നു വീഴുന്ന ഹെയര്‍ സ്റ്റൈലുള്ളവരെ കാണാന്‍ തന്നെ ഒരു ചന്തമാണ്. ഒരുതരം ബൊഹീമിയന്‍ ലുക്ക് ഉള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുള്ളത് കൃത്യമായ അനുഭവവും. ഒരു കാലത്ത് ഏതാണ്ടതേ പോലൊരു ഹെയര്‍ സ്‌റ്റൈല്‍ സ്വപ്‌നം കാണുകയും അതിനായി പരിശ്രമിക്കുകയും ചെയ്തത് ഇന്നും കുളിരോര്‍മകളാണ്. വിശ്വപ്രസിദ്ധരായ എഴുത്തുകാരും സംഗീതഞ്ജരും നടന്‍മാരും തത്വചിന്തകരും ശാസ്ത്രഞ്ജരുമല്ലാം തങ്ങളുടെ മുടിയിഴകളെ സ്വതന്ത്രരായി, അലസമായി അലയാന്‍ വിട്ടവര്‍ കൂടിയായിരുന്നു എന്ന് കൗതുകത്തോടെ ഓര്‍ക്കുമ്പോള്‍ ചിന്തകളും കാടു കയറും.

കുട്ടിക്കാലത്ത് അലസന്റെ മാനിഫെസ്റ്റോ എന്ന വണ്ണം ആദ്യമായി മുടിയിഴകള്‍ പടര്‍ത്തി മുന്നിലെത്തിയത് ലോകപ്രശസ്ത ശാസ്ത്രഞ്ജരും തത്വചിന്തകരുമൊക്കെയായിരുന്നു. ഐസക് ന്യൂട്ടനും മൈക്കല്‍ ഫാരഡേയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമല്ലാം പാഠപുസ്തകങ്ങളില്‍ നിന്നും മുടിയിഴകള്‍ വാരിവലിച്ചിട്ട് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. രസതന്ത്രത്തിലേയും ഊര്‍ജതന്ത്രത്തിലേയും സമവാക്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിനൊപ്പം പാഠപുസത്കങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ട അവരുടെ ഫോട്ടോകള്‍ കൂടി മനസിലേക്ക് ഇനിയേതു കാലത്തും മറക്കുകില്ലെന്നവണ്ണം കൂടു കൂട്ടി. ഇടതൂര്‍ന്ന തോളറ്റം വരെ നീണ്ട അവരുടെ മുടിയിഴകള്‍ കാറ്റത്ത് പാറിനടന്നു. ഒരു കോമാളിച്ചിരിയും ചിരിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അവര്‍ക്കിടയില്‍ വ്യത്യസ്തനുമായി. പിന്നീട് ബീഥോവനും മൊസാര്‍ട്ടും ഓസ്‌കാര്‍ വൈല്‍ഡും ഫ്രഞ്ച് വിപ്ലവകാരികളും ഇറ്റാലിയന്‍ നവോത്ഥാനനായകരുമല്ലാം ഉയര്‍ന്ന ക്ലാസുകളില്‍ ചരിത്രപാഠമായപ്പോള്‍ പതിയെ അവരുടെ മുടിയിഴകളും മനസിനകത്തേക്ക് ചരിത്രത്തിനൊപ്പം, അവര്‍ മെനഞ്ഞെടുത്ത കലാസങ്കല്‍പങ്ങള്‍ക്കൊപ്പം മാര്‍ച്ച് ചെയ്തു. അവര്‍ക്കിടയില്‍ നമ്മുടെ നാടിന്റെ പ്രതിനിധിയായി ടാഗോറും.

പലപ്പോഴും ചിന്തിക്കാറുണ്ട്, ഒതുക്കമുള്ള മുടിയിഴകള്‍ ഒരു പക്ഷേ പ്രത്യേകതകളില്ലാത്ത ജീവിതത്തിന്റെ അടയാളങ്ങളാണ്. അവര്‍ ഭയപ്പാടോടെ ജീവിക്കുന്നു. അവര്‍ അരിയുടേയും പഞ്ചസാരയുടേയും പച്ചമുളകിന്റേയും വില കൂടിയാല്‍ ദു:ഖിക്കുന്നു. എന്നാല്‍ മുടി തോന്നും വിധത്തില്‍ അലസമായി ചീകുന്നവര്‍ പ്രതിഭാശാലികളാണ്. അവര്‍ ലോകത്തേയും ലോകരേയും തങ്ങള്‍ക്കൊപ്പം ക്ഷണിക്കുന്നു. ഈ തോന്നലുകളുടെ ഉപസംഹാരമായാണ്, ഒരു കാലത്ത് ഞാനും മുടിയിഴകളെ മനപൂര്‍വമെന്നോണം നീട്ടിവളര്‍ത്തിത്തുടങ്ങിയത്. ഓരോ പ്രാവശ്യം കണ്ണാടിയില്‍ നോക്കിക്കഴിയുമ്പോഴും ചുറ്റും നിരവധി ക്യാമറകള്‍ കൂടി മിഴി തുറന്നിരിക്കുമെന്ന് തോന്നും. എന്റെ അലസചലനങ്ങളെല്ലാം ഒപ്പുന്ന ഒരുപാട് ഛായാഗ്രഹകര്‍. അതിനാല്‍ എന്നും എവിടെയും ബോധപൂര്‍വം ഒരഭിനേതാവിനുണ്ടായിരിക്കേണ്ട സൂക്ഷ്മത എന്നില്‍ നിറച്ചു.

അലസതയ്ക്കും സൗന്ദര്യമുണ്ടെന്ന് പിന്നീടറിഞ്ഞത് മാര്‍ക്ക് വോയുടെ ക്രിക്കറ്റ് ഇന്നിംഗ്‌സുകള്‍ കണ്ടുതുടങ്ങിയതു മുതലാണ്. ഓരോ കവര്‍ ഡ്രൈവിലും സ്‌ക്വയര്‍ കട്ടിലും ഒരലസന്റെ ഭാവാഹാദികള്‍ കൃത്യമായി ആവാഹിച്ച് ബാറ്റ് ചുഴറ്റി ക്രീസില്‍ നൃത്തമാടിയ മാര്‍ക്ക് വോയില്‍ ഞാന്‍ എന്നെത്തന്നെ കണ്ടു. കോപ്പി ബുക്ക് ശൈലിയ്‌ക്കൊപ്പം അലസസൗന്ദര്യം കൂടിയായപ്പോള്‍ മാര്‍ക്ക് വോ എളുപ്പം മനസിലേക്കും ചേക്കേറി. കുട്ടിക്കാല ഓര്‍മകളിലെ ഹീറോ പരിവേഷം സെന്റര്‍ ഫ്രെഷിനും ബിഗ് ഫണ്‍ ബബിള്‍ഗത്തിനുമൊപ്പം ലഭിക്കുന്ന ക്രിക്കറ്റ് കളിക്കാരുടെ സ്റ്റാറ്റിസ്റ്റിക്‌സ് അടങ്ങിയ കാര്‍ഡുകളിലേക്കും നുഴഞ്ഞുകയറിയപ്പോള്‍ ഒരു അലസന്റെ മാനിഫെസ്റ്റോയായി മാര്‍ക്ക് വോ കൂളിങ് ഗ്ലാസും വെച്ച് ചിരിച്ചുനിന്നു. ആ കൂളിങ് ഗ്ലാസിനു മേല്‍ പ്രതിബിംബിച്ച വര്‍ണ ആകാശങ്ങളിലേക്ക് സ്വപ്‌നങ്ങളും പടര്‍ന്നു.

കോളേജില്‍ പഠിക്കുമ്പോഴാണ് ഇനി ഇതുപോലെ നീട്ടി വളര്‍ത്തിയ മുടിയുമായി വന്നാല്‍, ക്ലാസില്‍ കയറ്റുകയില്ലെന്ന് ഇംഗ്ലീഷ് പ്രഫസര്‍ ജയരാജ് മുഖത്തു നോക്കി താക്കീത് നല്‍കിയത്.
'പക്ഷേ, എനിക്ക് ഷേക്‌സ്പിയറാവണം, സര്‍..'
ഞാന്‍ തിരിച്ചടിച്ചു.
'പക്ഷേ, ഷേക്‌സ്പിയര്‍ക്ക് ഇങ്ങനെ മുടിയുണ്ടായിരുന്നില്ല..'
പ്രഫസര്‍ വീണ്ടും പറഞ്ഞു.
'എന്തുകൊണ്ട് ഷേക്‌സ്പിയര്‍ക്ക് എന്റെ പ്രായത്തില്‍ ഇതുപോലെ മുടിയുണ്ടായിരുന്നുവെന്ന് എനിക്ക് സങ്കല്‍പിച്ചുകൂടാ?'
അദ്ദേഹം എന്നോട് 'ഗെറ്റ് ഔട്ട്' എന്ന് അലറുന്നതിനു മുമ്പ് ഞാന്‍ ചോദിക്കും.
സങ്കല്‍പങ്ങള്‍ക്ക് എന്തുമാവാമല്ലോ!

എന്റെ ഉമ്മാമയ്ക്കും ഞാന്‍ മുടി നീട്ടി വളര്‍ത്തുന്നത് ഇഷ്ടമായിരുന്നില്ല. മുടിയൊന്ന് നീണ്ടു തുടങ്ങുമ്പോഴേക്കും അവര്‍ പരാതിയുമായി വരും.
'ചെല്ല്, ബാലന്റേട്‌ത്തേക്ക് ചെല്ല്.. ഇങ്ങനെ മുടിയും വെച്ച് കാട്ടാളനെപ്പോലെ നടക്കാന്‍ ഞാന്‍ സമ്മതിക്കൂല..'
ബാര്‍ബര്‍ ബാലനെ ഞാന്‍ വെറുത്തിരുന്ന കാലമായിരുന്നു അത്. ബച്ചന്‍ കട്ട് എന്ന് ഓമനപ്പേരിട്ട് വിളിച്ചിരുന്ന പ്രത്യേകതരം മുടി വെട്ടലായിരുന്നു ബാലന്റെ ട്രേഡ് മാര്‍ക്ക്. മുടി മുഴുവനും പറ്റെ വെട്ടുമ്പോള്‍ ഞാന്‍ ഉള്ളില്‍ വേദനിക്കുകയായിരിക്കും. അധികാരം നഷ്ടപ്പെടുന്ന രാജാവിന്റെ അതേ വികാരം. അധികാരം തിരിച്ചുപിടിക്കാന്‍ ഏതായാലും ഇനി ദിവസങ്ങളെങ്കിലുമെടുക്കും.

പിന്നീടെപ്പോഴോ ബെക്കാമിന്റെ ശൈലിയിലായി മുടി ചീകല്‍. പുഴയ്ക്കരികിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഞാന്‍ ബെക്കാമിനെപ്പോലെയാവും. അപ്പോഴൊക്കെയും കാറ്റത്ത് മുടിയിഴകള്‍ പാറിപ്പറക്കും. ചിലപ്പോള്‍ ഒന്ന് രണ്ട് മുടിഴിയ എന്റെ നെറ്റിയിലേക്കും നീളും. ഇവയിങ്ങനെ കൃത്യമായി നെറ്റിയില്‍ വീഴുന്ന ടെക്‌നിക്കിനെക്കുറിച്ച് കൂട്ടുകാര്‍ ചോദിക്കുമ്പോഴൊക്കെ ഞാന്‍ അഭിമാനപൂര്‍വം എന്റെ പെര്‍ഫക്ഷനെക്കുറിച്ചോര്‍ക്കും. എന്റെ പെര്‍ഫക്ഷന്‍ എന്റെ മുടിയാണെന്ന് ശ്രീബുദ്ധന്‍ സ്‌റ്റൈലില്‍ കൈകളുയര്‍ത്തി തത്വജ്ഞാനം പറയുകയും ചെയ്യും.

ഒരര്‍ഥത്തില്‍ എന്റെ ദുരഭിമാനം എന്റെ മുടിയിഴകള്‍ പോലെത്തന്നെയാണ്. ചിലപ്പോള്‍ ചില പ്രത്യേക അവസരങ്ങളില്‍ അവ തഴച്ചു വളരും. മറ്റു ചിലപ്പോള്‍ അവ കാരണങ്ങളില്ലാതെ പൊഴിഞ്ഞ് ഭൂമിയിലേക്കു വീഴും.
എങ്കിലും ഈ കഷണ്ടി, നെറ്റിത്തടം അതിക്രമിച്ച് കയറുന്ന കാലത്തും ഞാന്‍ പ്രാര്‍ഥനയിലാണ്, പ്രതീക്ഷയിലാണ്. എന്റെ ഭാവാഭിനയങ്ങള്‍ക്ക് ആരുടെയും മാനിഫെസ്റ്റോയായി രൂപാന്തരപ്പെടാനുള്ള ശേഷിയുണ്ടാവുമെന്നോര്‍ത്ത്.

ഇനി എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങളെക്കുറിച്ച്.
 
ഒരു പുസ്തകമെഴുതുക.
അത് പ്രസിദ്ധീകരിക്കുക.
കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു അത്.
ചിലപ്പോള്‍ പത്രത്താളുകളില്‍ കുഞ്ഞെഴുത്തുകാരുടെ കൃതികളെക്കുറിച്ചുള്ള സ്‌പെഷ്യല്‍ ഫീച്ചറുകള്‍ വരുമ്പോള്‍ അസൂയയോടെ നോക്കിനില്‍ക്കുമായിരുന്നു. പലപ്പോഴും ഈ അസൂയ ഈര്‍ഷ്യയിലേക്കും ദേഷ്യത്തിലേക്കും നയിക്കുകയും പിന്നെ അര്‍ധരാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ദൈവത്തോട് വാചകമേള നടത്തുന്നിടം വരെ എത്തുകയും ചെയ്യും.

അത്തരം വാചകമേളകളുടെയും ചിന്തകളുടേയും സമാഹാരമായി വേണമെങ്കില്‍ ഈ പുസ്തകത്തെ വിളിക്കാം. ഈ കുറിപ്പുകളില്‍ അസൂയയുണ്ട്, ദു:ഖങ്ങളുണ്ട്, വേദനകളുണ്ട്, ദുരഭിമാനങ്ങളുണ്ട്, സന്തോഷങ്ങളുമുണ്ട്. നന്‍മയും തിന്‍മയുമെല്ലാമുണ്ട്. ഇത് കഥകളോ ഓര്‍മകളോ അല്ല, ഏതാനും തോന്നലുകളുടെ എഴുത്തുരൂപം. വെറുതെയിരിക്കുമ്പോഴെല്ലാം, ചിന്തകളുടെ വേലിയേറ്റത്തില്‍ പലപ്പോഴും തോന്നിയിട്ടുണ്ട്, ഒരു ആര്‍ടിക് ടേണ്‍ ആയി രൂപാന്തരപ്പെട്ടാലെന്ന്. അങ്ങനെയെങ്കില്‍ ഒരു ഇടവേളയ്‌ക്കെങ്കിലും മരിച്ചതു പോലെ പിരിഞ്ഞ് വീണ്ടും അപ്രതീക്ഷിതമായി തിരിച്ചെത്താമല്ലോ, പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തന്നെ. ഒരുപക്ഷേ, അത്തരം ചിന്തകളാകാം ഈ എഴുത്തിനു പ്രേരകം.
ഇഷ്ടപ്പെട്ടവരെക്കുറിച്ചും മനസിലെപ്പോഴൊക്കെയോ കൂടു കൂട്ടിയവരെക്കുറിച്ചും ചിന്തകള്‍ക്ക് കടിഞ്ഞാണില്ലാത്ത അവസ്ഥകളെക്കുറിച്ചുമല്ലാം കുറിച്ചിട്ടുണ്ട്. ഒരുപക്ഷേ, എന്നെങ്കിലുമൊരിക്കല്‍ എഴുത്തിനു പൂര്‍ണവിരാമമിടുമ്പോള്‍ ഒരു വിടവാങ്ങല്‍ കുറിപ്പായി, പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിച്ച തോന്നലുകളുടെ സമാഹാരമാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍.
   
( തസ്രാക്ക് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ച എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങളെക്കുറിച്ചുള്ള എഴുത്ത്‌)

 

Thursday, 7 September 2017

ഇഷ്ടപുസ്തകങ്ങള്‍- സിജേഷ് എം പൂക്കോട്



ഇഷ്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് ദുസഹമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് ഒരുപാട് പുസ്തകങ്ങളെക്കുറിച്ചുള്ള ഓര്‍മ മനസിലങ്ങനെ നിറഞ്ഞു നില്‍ക്കുമ്പോള്‍. എങ്കിലും മനസില്‍ പെട്ടെന്ന് ഓര്‍മ വരുന്ന മൂന്ന് പുസ്തകങ്ങളെക്കുറിച്ച് പറയാം.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബര സ്മരണ, വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, എം മുകുന്ദന്റെ നൃത്തം എന്നിവയാണ് പെട്ടെന്നോര്‍മ വരുന്ന ഇഷ്ടപുസ്തകങ്ങള്‍.

ചിദംബര സ്മരണ യുടെ പ്രത്യേകത എന്നത് അത് പോലൊരു ഓര്‍മക്കുറിപ്പുകളില്ല എന്നത് തന്നെ. പച്ചയായ ജീവിതസ്മരണകളാണത്.
ബാല്യകാലസഖി പോലൊരു പ്രേമകാവ്യം ഇന്നും മനസിനെ പ്രണയാര്‍ദ്രനാക്കുന്നു. നമ്മളില്‍ പലരും മജീദും സുഹ്‌റയുമായി ജീവിച്ചിരിപ്പുണ്ട് ഇന്നും. അല്ലെങ്കില്‍ ഏതെങ്കിലും കാലത്ത് അതേ പോലെയായിരുന്നു.

എഴുത്തിലെ ആധുനികതയെ പരിചയപ്പെട്ട ആദ്യനോവല്‍ എന്ന നിലയിലാണ് നൃത്തം മനസില്‍ സ്ഥാനം നേടിയത്. നൃത്തത്തില്‍ എഴുത്തുകാരന്‍ കൊണ്ടുവന്ന ആഖ്യാനരീതി സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.





Tuesday, 5 September 2017

പതുക്കെ വാക്കുകള്‍ ഉടലില്‍ നിന്നും ശ്വാസഗതിയായി പുറത്തു വന്നു- ഒരു ആര്‍ടിക് ടേണായി രൂപാന്തരപ്പെട്ടാല്‍..



ശ്രുതീഷ് ശ്രീധര്‍

എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഷഫീഖിന്റെ നാലാമത്തെ പുസ്തകമായ 'എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍' എന്ന ആത്മകഥാംശം കലര്‍ന്ന കഥാസമാഹാരത്തിന്റെ അവതാരികയില്‍ എഴുത്തുകാരന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. 'ഈ കുറിപ്പുകളില്‍ അസൂയയുണ്ട്, ദുഖങ്ങളുണ്ട്, വേദനയുണ്ട്, ദുരഭിമാനങ്ങളുണ്ട്, സന്തോഷങ്ങളുണ്ട്, നന്‍മയും തിന്‍മയുമെല്ലാമുണ്ട്.' പ്രത്യേകിച്ചും ആത്മകഥാപരമായ രചനകള്‍ സൃഷ്ടിക്കുമ്പോള്‍ നമ്മുടെ എഴുത്തുകാരില്‍ പലരും കരുതിക്കൂട്ടി മറന്നുപോവുന്ന തിന്‍മയുടെ കണക്കു കൂടി അവതാരികയില്‍ ചേര്‍ക്കുമ്പോഴാണ് ഈ എഴുത്ത് മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമാവുന്നത്. താനെഴുതിയ പുസ്തകം വായനക്കാര്‍ എന്ന വലിയ വിഭാഗത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതാണെന്നും അതുകൊണ്ടു തന്നെ എന്താണോ തന്റെ ജീവിതം, അതിലെ നന്‍മകള്‍ക്കൊപ്പം തിന്‍മകള്‍ കൂടി സ്വാഭാവികമെന്നോണം വരികള്‍ ക്കിടയിലുണ്ടെന്ന കുമ്പസാരം ആമുഖത്തില്‍ തന്നെ പറയുന്നുണ്ട് എഴുത്തുകാരന്‍. നന്‍മയും തിന്‍മയും അസൂയയും ദുരഭിമാനവും സന്തോഷങ്ങളുമല്ലാം മനുഷ്യസഹജമാണ്. തന്റെ പുസ്തകത്തിന്റെ അവതാരികയില്‍ തന്നെ ഇതൊക്കെയും സൂചിപ്പിക്കുമ്പോള്‍ മുഹമ്മദ് ഷഫീഖ് എന്ന എഴുത്തുകാരന്റെ ക്രിയേറ്റീവ് ഗ്രാഫ് അല്‍പം ഉയര്‍ന്നു നില്‍ക്കുന്നു എന്ന് നിസംശയം തന്നെ പറയാം.

വടക്കെ മലബാറിലെ നാട്ടുഭാഷയുടെ ചൂടും ചൂരും അല്‍പം പോലും കൈവിടാതെ അതിന്റേതായ താളക്രമത്തില്‍ തെല്ലിട പോലും പിഴവു പറ്റാതെ ചിത്രീകരിക്കാന്‍ സാധിച്ചു എന്നതാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ എന്ന ഈ കഥാസമാഹാരത്തിന്റെ പ്രഥമഗണനീയമായ മേന്‍മ. നെറ്റിയിലേക്ക് നീളുന്ന ചുളിവാര്‍ന്ന രണ്ടു വിരലുകള്‍ എന്ന കഥയിലെ ഉമ്മാമയും കൊച്ചുമകനും തമ്മിലുള്ള സംഭാഷണം ഇങ്ങനെ നീളുന്നു.
'ഇഞ്ഞ ചോറ് ബെയിച്ചിക്കാ?'
'ഉം'
'എങ്ങനെ ഇണ്ടേനും മങ്ങലപ്പൊരേലെ ചോറ്?'
'നല്ലതേനും..'
'എറച്ചിക്കഷണം നല്ലോണം കിട്ടീക്കോ?'
'ഉം.'
'അല്‍സയോ?'
'അല്‍സ ഞാന്‍ വാങ്ങീക്കില്ല.. അല്‍സ തിന്നാല് പിന്നെ ചോറ് ബെയിക്കാനാവൂല്ല..'
'ഉം, നല്ല വെളവ്ണ്ടല്ലോ ഇനിക്ക്!'
ഉമ്മാമയോടുള്ള അതിരുകളില്ലാത്ത സ്‌നേഹവും ബാല്യകാലഓര്‍മകളും കുട്ടിത്തത്തിന്റെ കെറുവിപ്പുകളും പ്രണയവും ബാല്യത്തിന്റെ അലച്ചിലുകളുകളില്‍ മുതിര്‍ന്നവര്‍ നടത്തുന്ന ശാസിക്കലുകളും പച്ചയായ നാട്ടുഭാഷയില്‍ അതിന്റേതായ വാമൊഴിവഴക്കത്തോടെ എഴുത്തുകാരന്‍ ഈ കഥാസമാഹാരത്തില്‍ ഭംഗിയായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ വാമൊഴി വഴക്കങ്ങള്‍ ഓരോ കഥകള്‍ക്കും അപാരമായ ദൃശ്യപരത കൂടി സാധ്യമാക്കുന്നു.

ഉമ്മാമയോടുള്ള സ്‌നേഹത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് 'നെറ്റിയിലേക്ക് നീളുന്ന ചുളിവാര്‍ന്ന രണ്ടു വിരലുകള്‍' എന്ന കഥയില്‍ എഴുത്തുകാരന്‍ ഉപയോഗിച്ച 'എനിക്കെന്തെങ്കിലും അസുഖം വന്നാല്‍ ഉമ്മാമ മദര്‍തെരേസയാവും' എന്ന പ്രയോഗം. തന്റെ കൊച്ചുമകനോട് ഉമ്മാമയ്ക്കുള്ള സ്‌നേഹവായ്പാണ് ഈ പ്രയോഗത്തിലൂടെ വായനക്കാരന്റെ മനസിലൂടെ വിരലോടിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തുകാരന്റെ അനുഭവം വായനക്കാരന്റെ അനുഭവമായി മാറുന്ന പരകായപ്രവേശം ഇവിടെ സാധ്യമാവുന്നു. 'ഇതാണെങ്കീ, കുളിയും ഇല്ല, നിക്കാരോം ഇല്ല! കളി തന്നെ കളി..' എന്ന് ഒരിക്കലെങ്കിലും പരിഭവിക്കാത്ത വല്യുമ്മമാര്‍ നമ്മുടെ വീടുകളില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഈ കഥ ചില ഗൃഹാതുര മേച്ചില്‍പ്പുറങ്ങളിലൂടെയുള്ള സഞ്ചാരം കൂടിയാണ്.

പിന്നെയുള്ളത് ബാല്യകാല പ്രണയത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍. 'സമീറയുടെ നിക്കാഹിന് ഞാന്‍ ചിലപ്പോള്‍ കരഞ്ഞെന്നിരിക്കും' എന്ന കഥയില്‍ പറയുന്നത് പോലെ എല്ലാവരുടേയും കുട്ടിക്കാലത്തും ഉണ്ടാവും ഒരു പുളിമരച്ചുവടും വാളന്‍ പുളിയുടെ പുളിഞ്ഞ രസവും പ്രണയ ഓര്‍മകളുമല്ലാം. ലാളിത്യം നിറഞ്ഞതും അതു പോലെ തന്നെ സൂക്ഷ്മവും മൃദുവുമായ ഭാഷാശൈലിയിലുമാണ് എഴുത്തുകാരന്റെ തൂലിക ചലിക്കുന്നത്. മറ്റൊരു കഥയിലെ ഒരു താല്‍പര്യവുമില്ലാത്ത ചിരിയ്ക്ക് 'റിസപ്ഷനിസ്റ്റിന്റെ റെഡിമെയ്ഡ് ചിരിയെന്ന്' പേരിട്ടു വിളിക്കുന്നതിലെ കൗതുകം ഏറെ ശ്രദ്ധേയമാണ്. ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാന്‍ കഴിയും വിധം എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ പാകപ്പെടുത്തുന്നതില്‍ ഇത്തരം പരാമര്‍ശങ്ങളും ഉപമകളും ഏറെ സഹായിക്കുന്നു.

ഇന്റലക്ച്വല്‍ ഡിസ്‌ക്കഷന്‍സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിലെ ഓരോ കഥകള്‍ക്കും എഴുത്തിനെ സ്‌നേഹിക്കുന്ന പലരുടേയും പ്രത്യേകം ആമുഖക്കുറിപ്പുകള്‍ കാണാം. ഷഫീഖിന്റെ എഴുത്തിനെ വിലയിരുത്തി ബി ചന്ദ്രമതി, എബ്രിഡ് ഷൈന്‍, ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപ്, നവീന്‍ ഭാസ്‌ക്കര്‍, ബിപിന്‍ ചന്ദ്രന്‍, വി പി രജീന, അനീസ് കെ എം, കെ സി ബിപിന്‍, മോന്‍സി, രാഹുല്‍ രാജ്, എം കുഞ്ഞാപ്പ എന്നിവരുടെ പ്രത്യേകകുറിപ്പുകള്‍ കഥകളിലേക്കുള്ള ചൂണ്ടുപലകകളായി മാറുന്നു. ഇവയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപിന്റെ വാക്കുകള്‍ ഈ സമാഹാരത്തിലെ മുഴുവന്‍ കഥകളോടും എഴുത്തുകാരന്റെ ശൈലിയോടും ചേര്‍ന്നു നില്‍ക്കും. 'അടുത്തിരിക്കുന്നവന്റെ ഹൃദയമിടിപ്പുകളുടെ ചാഞ്ചല്യത്തിനു വന്നു ഭവിച്ചേക്കാവുന്ന അമ്ലത്വമോ ക്ഷാരഗുണമോ അന്വേഷിക്കുന്ന ഒരു രസതന്ത്രഞ്ജനായി എഴുത്തുകാരന്‍ പരിണമിക്കുന്നു.'

എഴുത്തുകാരന്റെ നാടിന്റെ രാഷ്ട്രീയവും കൃത്യമായി പറയാതെ വരച്ചുവെച്ചിരിക്കുന്നു, ചില കഥകളില്‍. രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ പറയാതെ തന്റെ നാട്ടകങ്ങളുടെ വഴിയോരങ്ങളിലൂടെ സഞ്ചരിച്ച് പല കഥാപാത്രങ്ങളുടെയും സംഭാഷണങ്ങളായി ചില കഥകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അവിനാശിന്റെ ഉമ്മ എന്ന കഥയിലെ ഉമ്മ തന്റെ മകനോട് ഇങ്ങനെ പറയുന്നു- 'വേഗം എശാഅ് നിസ്‌കാരോം കഴിഞ്ഞ് ഇങ്ങ് പോര്. അധികം ആടെ നിക്കണ്ട. പോരാത്തേന് പോലീസും എറങ്ങീക്ക്ണ്ട്.. ഓല് പിടിച്ച് കൊണ്ട് പോയാ, പിന്നെ നാട്ടിലെറങ്ങാന്‍ പറ്റൂല്ല.' ഈ ഉപദേശം കണ്ണൂരിലെ എല്ലാ ഉമ്മമാരുടേയും അമ്മമാരുടേയും തങ്ങളുടെ മക്കളോടുള്ള ഇനിയുമൊടുങ്ങാത്ത വിലാപസ്വരം കൂടിയാണ്. ബാല്യകാലത്തിന്റെ സുരഭിലമായ നാടോര്‍മകള്‍ കഥാകാരന്റെ മനസിന്റെ അകത്തളങ്ങളില്‍ കുടിയിരിക്കുന്നിടത്തോളം കാലം, ഉറപ്പിച്ചു പറയാം, ഈ എഴുത്തുകാരന് റൈറ്റേഴ്‌സ് ബ്ലോക്ക് എന്ന സമസ്യ വന്നു ചേരാന്‍ യാതൊരു വഴിയുമില്ല.



ഇഷ്ടപുസ്തകങ്ങള്‍ - ആദര്‍ശ് യു ആര്‍

ഒരു ഡിസൈനറായതിനാല്‍ വായനയോട് പ്രത്യേക ഇഷ്ടമുണ്ട്. ഇഷ്ടമുള്ള പുസ്തകങ്ങള്‍ മനസിരുത്തി വായിക്കുന്നതാണ് ശീലം. പല പുസ്തകങ്ങളും കൂട്ടുകാരുടെ ...