'കോളേജില്‍ പഠിക്കുമ്പോഴാണ്, ഇനി ഇതുപോലെ നീട്ടി വളര്‍ത്തിയ മുടിയുമായി വന്നാല്‍, ക്ലാസില്‍ കയറ്റുകയില്ലെന്ന് ഇംഗ്ലീഷ് പ്രഫസര്‍ ജയരാജ് മുഖത്തു നോക്കി താക്കീത് നല്‍കിയത്.
'പക്ഷേ, എനിക്ക് ഷേക്‌സ്പിയറാവണം, സര്‍..'
ഞാന്‍ തിരിച്ചടിച്ചു.
'പക്ഷേ, ഷേക്‌സ്പിയര്‍ക്ക് ഇങ്ങനെ മുടിയുണ്ടായിരുന്നില്ല..'
പ്രഫസര്‍ വീണ്ടും പറഞ്ഞു.
'എന്തുകൊണ്ട് ഷേക്‌സ്പിയര്‍ക്ക് എന്റെ പ്രായത്തില്‍ ഇതുപോലെ മുടിയുണ്ടായിരുന്നുവെന്ന് എനിക്ക് സങ്കല്‍പിച്ചുകൂടാ?'
ഒതുക്കമുള്ള മുടിയിഴകള്‍ ഒരുപക്ഷേ, പ്രത്യേകതകള്‍ ഇല്ലാത്ത ജീവിതത്തിന്റെ അടയാളങ്ങളാണ്. അവര്‍ ഭയപ്പാടോടെ ജീവിക്കുന്നു. അവര്‍ അരിയുടേയും പഞ്ചസാരയുടേയും പച്ചമുളകിന്റേയും വില കൂടിയാല്‍ ദുഖിക്കുന്നു. എന്നാല്‍ മുടി തോന്നുന്ന വിധം ചീകുന്നവര്‍ പ്രതിഭാശാലികളാണ്. അവര്‍ ലോകത്തേയും ലോകരേയും തങ്ങള്‍ക്കൊപ്പം ക്ഷണിക്കുന്നു.'
യുവ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഷഫീഖിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങളിലെ ചില കൗതുകകരമായ നിരീക്ഷണങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ പ്രയാസമേതുമില്ല. ഒരു പരിധി വരെ അവ നമ്മെ സഞ്ചാരത്തിനിടയില്‍ ഏതെങ്കിലും ബോധിമരച്ചുവട്ടില്‍ ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യും. കഥകളിലുടനീളം കാണപ്പെടുന്ന ഇത്തരം സന്ദര്‍ഭങ്ങളും ഭാവനാത്മകമായ സംവാദങ്ങളും തന്നെയാണ് ഈ കഥാസമാഹാരത്തിലെ ഏറ്റവും ആകര്‍ഷകമായ എഴുത്തിടങ്ങള്‍. ഒരു കഥാസമാഹാരം എന്നതിനേക്കാള്‍ സാഹിത്യസൃഷ്ടി എന്ന് വിളിച്ച് അടിവരയിടാവുന്ന രചനകളാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങളിലെമ്പാടും. എഴുത്തുകളുടെ ശൈലിയും തനത് കഥാസമാഹാരങ്ങളില്‍ നിന്നും തികച്ചും വിഭിന്നമാണ്. യാഥാര്‍ഥ്യങ്ങളേയും സങ്കല്‍പങ്ങളേയും സമന്വയിപ്പിച്ച ആ പതിനൊന്ന് തരം എഴുത്തുകള്‍ക്ക് എഴുത്തുകാരന്റെ ജീവിതവുമായി ചെറുതല്ലാത്ത ബന്ധമുണ്ടെന്ന് ഒറ്റവായനയില്‍ നിന്നു തന്നെ മനസിലാക്കാം. ജീവിതത്തിലെ നിസാരകാര്യങ്ങളും മനസിലെപ്പോഴും ഉറഞ്ഞുകിടക്കുന്ന ഗൃഹാതുരത നിറഞ്ഞ ഓര്‍മകളും ചിതറിയ ചിന്തകളും എഴുത്തുകാരന്‍ വളരെ ഭംഗിയായി തന്നെ അവതരിപ്പിക്കുന്നുണ്ട്. മുകളില്‍ ഉദ്ധരിച്ച കഥാസന്ദര്‍ഭത്തിലുള്ളതു പോലെ ഷേക്‌സ്പിയറിനു തന്റെ പ്രായത്തില്‍ എത്രയധികം മുടിയുണ്ടാകുമെന്ന് ചിന്തിക്കുന്ന ഭാവന തന്നെ ഉദാഹരണം. അതുപോലെ മറ്റൊരു കഥയിലുള്ളതു പോലെ ആകാശവാണിയില്‍ നിന്നും ആട്ടിയകറ്റപ്പെട്ട സന്ദര്‍ഭവും പച്ചയായ നര്‍മത്തിന്റെയും അനുഭവങ്ങളുടെയും ആവിഷ്‌ക്കാരമായി ദര്‍ശിക്കാം.
സ്‌നേഹവും പ്രണയവും എഴുത്തുകാരനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്ന് 'അവിനാശിന്റെ ഉമ്മ' എന്ന കഥയിലും 'സമീറയുടെ നിക്കാഹിന് ഞാന്‍ ചിലപ്പോള്‍ കരഞ്ഞെന്നിരിക്കും' എന്ന കഥയിലും കൃത്യമായി ആവിഷ്‌ക്കരിക്കുന്നുണ്ട്. അതിനിടയിലേക്ക് നെറ്റിയിലേക്ക് നീളുന്ന വിറയാര്‍ന്ന വിരലുകളുമായി ഒരു വല്യൂമ്മയും നമ്മള്‍ക്കിടയിലേക്ക് കടന്നുവരുന്നുണ്ട്. ഏറെ സ്‌നേഹമുള്ള, സ്‌നേഹിക്കപ്പെടുന്ന ഒരു വല്യുമ്മ. നമുക്കെല്ലാവര്‍ക്കുമുണ്ട് അവിനാശിന്റേതു പോലൊരു ഉമ്മ. സമീറയെ പോലൊരു കാമുകി. പിന്നെ സ്‌നേഹത്തിന്റെ നിറകുടമായ ഒരു വല്യുമ്മയും.
സലീം-അനാര്‍ക്കലിയും റോമിയോ ജൂലിയറ്റും ലൈലാ മജ്‌നുവും പ്രണയത്തിന്റെ വിശ്വരൂപങ്ങളെന്ന് വിശേഷിപ്പിച്ച, അവരില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാതിരുന്ന ജാതിമതഭേദങ്ങള്‍ക്കപ്പുറത്തുള്ള പ്രണയബന്ധങ്ങളെ പ്രണയിച്ച് അതിനു വേണ്ടി വാദിച്ച 'എങ്കിലും കണ്ണും കാതും മതവും ജാതിയുമില്ലാത്തതാണ് പ്രണയം' എന്ന കഥയിലെ മഖ്ബൂല്‍ എന്ന കഥാപാത്രം എഴുത്തുകാരന്റെ മറ്റൊരു അടയാളമാണ്. സമീറയുടെ നിക്കാഹിന് കരഞ്ഞ എഴുത്തുകാരന്‍ അതിനു നേര്‍ വിപരീതമായ മഖ്ബൂലിനെ വരഞ്ഞെടുത്തത് വിചിത്രവും വിഭിന്നവും അനിര്‍വചനീയവുമാണ്.
ഇന്റലക്ച്വല്‍ ഡിസ്‌ക്കഷന്‍സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിലെ ഓരോ കഥകള്‍ക്കും എഴുത്തിനെ സ്‌നേഹിക്കുന്ന പലരുടേയും പ്രത്യേകം ആമുഖക്കുറിപ്പുകള്‍ കാണാം. ഷഫീഖിന്റെ എഴുത്തിനെ വിലയിരുത്തി ബി ചന്ദ്രമതി, എബ്രിഡ് ഷൈന്‍, ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപ്, നവീന്‍ ഭാസ്‌ക്കര്‍, ബിപിന്‍ ചന്ദ്രന്‍, വി പി രജീന, അനീസ് കെ എം, കെ സി ബിപിന്‍, മോന്‍സി, രാഹുല്‍ രാജ്, എം കുഞ്ഞാപ്പ എന്നിവരുടെ പ്രത്യേകകുറിപ്പുകള്‍ കഥകളിലേക്കുള്ള ചൂണ്ടുപലകകളായി മാറുന്നു. ഇവയില്‍ തിരക്കഥാകൃത്തു കൂടിയായ ബിപിന്‍ ചന്ദ്രന്റെ കുറിപ്പ് പ്രത്യേകശ്രദ്ധയാകര്‍ഷിക്കുന്നു. 'മലയാളം മണക്കുന്ന എല്ലാ ഊരിലുള്ളവര്‍ക്കും ഊളിയിടാനാകുന്നതാണ് ഷഫീഖിന്റെ കഥാപ്രപഞ്ചം. ഓര്‍മകളേയും ഗന്ധങ്ങളേയും ആശാനിരാശകളേയും കളിചിരികളേയും നൊമ്പരങ്ങളേയുമൊക്കെ ഒരുമിച്ചാറ്റിക്കുറുക്കി അടച്ചുവെച്ചിരിക്കുന്ന രസായനക്കുപ്പികളാണ് ഷഫീഖിന്റെ എഴുത്ത്. ഒരു പരിചയവുമില്ലാതിരുന്ന ഒരു എഴുത്തുകാരന്റെ പുസ്തകങ്ങളെല്ലാം പണം കൊടുത്ത് വാങ്ങിയ വായനക്കാരനെന്ന നിലയില്‍ അക്കാര്യം സാക്ഷ്യപ്പെടുത്താനുള്ള അവകാശമുണ്ടെനിക്ക്.'
സാമ്പ്രദായിക കഥാശൈലികളില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്ന എഴുത്തിനൊപ്പം കഥാകാരന്റെ നേര്‍സാക്ഷ്യവുമുണ്ട് ആമുഖക്കുറിപ്പില്‍. 'ഒരുപക്ഷേ, എന്നെങ്കിലുമൊരിക്കല്‍ എഴുത്തിനു പൂര്‍ണവിരാമമിടുമ്പോള്‍ ഒരു വിടവാങ്ങല്‍ കുറിപ്പായി, പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിച്ച തോന്നലുകളുടെ സമാഹാരമാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍. ഇത് കഥകളോ ഓര്‍മകളോ അല്ല, ഏതാനും തോന്നലുകളുടെ എഴുത്തുരൂപം. ഈ കഥകളില്‍ അസൂയയുണ്ട്്, ദു:ഖങ്ങളുണ്ട്്, വേദനകളുണ്ട്്, ദുരഭിമാനങ്ങളുണ്ട്്, സന്തോഷങ്ങളുണ്ട്്. നന്‍മയും തിന്‍മയുമെല്ലാമുണ്ട്്.' ഒരു വായനക്കാരന്റെ വീക്ഷണകോണില്‍ ഈ എഴുത്ത് നിങ്ങളെയൊരിക്കലും നിരാശരാക്കില്ല എന്നത് ഈ നിരൂപകന്റെ നേര്‍സാക്ഷ്യവും.
ഷഫീഫ് മുഹമ്മദ്