ശ്രുതീഷ് ശ്രീധര്‍
എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഷഫീഖിന്റെ നാലാമത്തെ പുസ്തകമായ 'എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍' എന്ന ആത്മകഥാംശം കലര്‍ന്ന കഥാസമാഹാരത്തിന്റെ അവതാരികയില്‍ എഴുത്തുകാരന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. 'ഈ കുറിപ്പുകളില്‍ അസൂയയുണ്ട്, ദുഖങ്ങളുണ്ട്, വേദനയുണ്ട്, ദുരഭിമാനങ്ങളുണ്ട്, സന്തോഷങ്ങളുണ്ട്, നന്‍മയും തിന്‍മയുമെല്ലാമുണ്ട്.' പ്രത്യേകിച്ചും ആത്മകഥാപരമായ രചനകള്‍ സൃഷ്ടിക്കുമ്പോള്‍ നമ്മുടെ എഴുത്തുകാരില്‍ പലരും കരുതിക്കൂട്ടി മറന്നുപോവുന്ന തിന്‍മയുടെ കണക്കു കൂടി അവതാരികയില്‍ ചേര്‍ക്കുമ്പോഴാണ് ഈ എഴുത്ത് മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമാവുന്നത്. താനെഴുതിയ പുസ്തകം വായനക്കാര്‍ എന്ന വലിയ വിഭാഗത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതാണെന്നും അതുകൊണ്ടു തന്നെ എന്താണോ തന്റെ ജീവിതം, അതിലെ നന്‍മകള്‍ക്കൊപ്പം തിന്‍മകള്‍ കൂടി സ്വാഭാവികമെന്നോണം വരികള്‍ ക്കിടയിലുണ്ടെന്ന കുമ്പസാരം ആമുഖത്തില്‍ തന്നെ പറയുന്നുണ്ട് എഴുത്തുകാരന്‍. നന്‍മയും തിന്‍മയും അസൂയയും ദുരഭിമാനവും സന്തോഷങ്ങളുമല്ലാം മനുഷ്യസഹജമാണ്. തന്റെ പുസ്തകത്തിന്റെ അവതാരികയില്‍ തന്നെ ഇതൊക്കെയും സൂചിപ്പിക്കുമ്പോള്‍ മുഹമ്മദ് ഷഫീഖ് എന്ന എഴുത്തുകാരന്റെ ക്രിയേറ്റീവ് ഗ്രാഫ് അല്‍പം ഉയര്‍ന്നു നില്‍ക്കുന്നു എന്ന് നിസംശയം തന്നെ പറയാം.
വടക്കെ മലബാറിലെ നാട്ടുഭാഷയുടെ ചൂടും ചൂരും അല്‍പം പോലും കൈവിടാതെ അതിന്റേതായ താളക്രമത്തില്‍ തെല്ലിട പോലും പിഴവു പറ്റാതെ ചിത്രീകരിക്കാന്‍ സാധിച്ചു എന്നതാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ എന്ന ഈ കഥാസമാഹാരത്തിന്റെ പ്രഥമഗണനീയമായ മേന്‍മ. നെറ്റിയിലേക്ക് നീളുന്ന ചുളിവാര്‍ന്ന രണ്ടു വിരലുകള്‍ എന്ന കഥയിലെ ഉമ്മാമയും കൊച്ചുമകനും തമ്മിലുള്ള സംഭാഷണം ഇങ്ങനെ നീളുന്നു.
'ഇഞ്ഞ ചോറ് ബെയിച്ചിക്കാ?'
'ഉം'
'എങ്ങനെ ഇണ്ടേനും മങ്ങലപ്പൊരേലെ ചോറ്?'
'നല്ലതേനും..'
'എറച്ചിക്കഷണം നല്ലോണം കിട്ടീക്കോ?'
'ഉം.'
'അല്‍സയോ?'
'അല്‍സ ഞാന്‍ വാങ്ങീക്കില്ല.. അല്‍സ തിന്നാല് പിന്നെ ചോറ് ബെയിക്കാനാവൂല്ല..'
'ഉം, നല്ല വെളവ്ണ്ടല്ലോ ഇനിക്ക്!'
ഉമ്മാമയോടുള്ള അതിരുകളില്ലാത്ത സ്‌നേഹവും ബാല്യകാലഓര്‍മകളും കുട്ടിത്തത്തിന്റെ കെറുവിപ്പുകളും പ്രണയവും ബാല്യത്തിന്റെ അലച്ചിലുകളുകളില്‍ മുതിര്‍ന്നവര്‍ നടത്തുന്ന ശാസിക്കലുകളും പച്ചയായ നാട്ടുഭാഷയില്‍ അതിന്റേതായ വാമൊഴിവഴക്കത്തോടെ എഴുത്തുകാരന്‍ ഈ കഥാസമാഹാരത്തില്‍ ഭംഗിയായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ വാമൊഴി വഴക്കങ്ങള്‍ ഓരോ കഥകള്‍ക്കും അപാരമായ ദൃശ്യപരത കൂടി സാധ്യമാക്കുന്നു.
ഉമ്മാമയോടുള്ള സ്‌നേഹത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് 'നെറ്റിയിലേക്ക് നീളുന്ന ചുളിവാര്‍ന്ന രണ്ടു വിരലുകള്‍' എന്ന കഥയില്‍ എഴുത്തുകാരന്‍ ഉപയോഗിച്ച 'എനിക്കെന്തെങ്കിലും അസുഖം വന്നാല്‍ ഉമ്മാമ മദര്‍തെരേസയാവും' എന്ന പ്രയോഗം. തന്റെ കൊച്ചുമകനോട് ഉമ്മാമയ്ക്കുള്ള സ്‌നേഹവായ്പാണ് ഈ പ്രയോഗത്തിലൂടെ വായനക്കാരന്റെ മനസിലൂടെ വിരലോടിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തുകാരന്റെ അനുഭവം വായനക്കാരന്റെ അനുഭവമായി മാറുന്ന പരകായപ്രവേശം ഇവിടെ സാധ്യമാവുന്നു. 'ഇതാണെങ്കീ, കുളിയും ഇല്ല, നിക്കാരോം ഇല്ല! കളി തന്നെ കളി..' എന്ന് ഒരിക്കലെങ്കിലും പരിഭവിക്കാത്ത വല്യുമ്മമാര്‍ നമ്മുടെ വീടുകളില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഈ കഥ ചില ഗൃഹാതുര മേച്ചില്‍പ്പുറങ്ങളിലൂടെയുള്ള സഞ്ചാരം കൂടിയാണ്.
പിന്നെയുള്ളത് ബാല്യകാല പ്രണയത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍. 'സമീറയുടെ നിക്കാഹിന് ഞാന്‍ ചിലപ്പോള്‍ കരഞ്ഞെന്നിരിക്കും' എന്ന കഥയില്‍ പറയുന്നത് പോലെ എല്ലാവരുടേയും കുട്ടിക്കാലത്തും ഉണ്ടാവും ഒരു പുളിമരച്ചുവടും വാളന്‍ പുളിയുടെ പുളിഞ്ഞ രസവും പ്രണയ ഓര്‍മകളുമല്ലാം. ലാളിത്യം നിറഞ്ഞതും അതു പോലെ തന്നെ സൂക്ഷ്മവും മൃദുവുമായ ഭാഷാശൈലിയിലുമാണ് എഴുത്തുകാരന്റെ തൂലിക ചലിക്കുന്നത്. മറ്റൊരു കഥയിലെ ഒരു താല്‍പര്യവുമില്ലാത്ത ചിരിയ്ക്ക് 'റിസപ്ഷനിസ്റ്റിന്റെ റെഡിമെയ്ഡ് ചിരിയെന്ന്' പേരിട്ടു വിളിക്കുന്നതിലെ കൗതുകം ഏറെ ശ്രദ്ധേയമാണ്. ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാന്‍ കഴിയും വിധം എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ പാകപ്പെടുത്തുന്നതില്‍ ഇത്തരം പരാമര്‍ശങ്ങളും ഉപമകളും ഏറെ സഹായിക്കുന്നു.
ഇന്റലക്ച്വല്‍ ഡിസ്‌ക്കഷന്‍സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിലെ ഓരോ കഥകള്‍ക്കും എഴുത്തിനെ സ്‌നേഹിക്കുന്ന പലരുടേയും പ്രത്യേകം ആമുഖക്കുറിപ്പുകള്‍ കാണാം. ഷഫീഖിന്റെ എഴുത്തിനെ വിലയിരുത്തി ബി ചന്ദ്രമതി, എബ്രിഡ് ഷൈന്‍, ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപ്, നവീന്‍ ഭാസ്‌ക്കര്‍, ബിപിന്‍ ചന്ദ്രന്‍, വി പി രജീന, അനീസ് കെ എം, കെ സി ബിപിന്‍, മോന്‍സി, രാഹുല്‍ രാജ്, എം കുഞ്ഞാപ്പ എന്നിവരുടെ പ്രത്യേകകുറിപ്പുകള്‍ കഥകളിലേക്കുള്ള ചൂണ്ടുപലകകളായി മാറുന്നു. ഇവയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപിന്റെ വാക്കുകള്‍ ഈ സമാഹാരത്തിലെ മുഴുവന്‍ കഥകളോടും എഴുത്തുകാരന്റെ ശൈലിയോടും ചേര്‍ന്നു നില്‍ക്കും. 'അടുത്തിരിക്കുന്നവന്റെ ഹൃദയമിടിപ്പുകളുടെ ചാഞ്ചല്യത്തിനു വന്നു ഭവിച്ചേക്കാവുന്ന അമ്ലത്വമോ ക്ഷാരഗുണമോ അന്വേഷിക്കുന്ന ഒരു രസതന്ത്രഞ്ജനായി എഴുത്തുകാരന്‍ പരിണമിക്കുന്നു.'
എഴുത്തുകാരന്റെ നാടിന്റെ രാഷ്ട്രീയവും കൃത്യമായി പറയാതെ വരച്ചുവെച്ചിരിക്കുന്നു, ചില കഥകളില്‍. രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ പറയാതെ തന്റെ നാട്ടകങ്ങളുടെ വഴിയോരങ്ങളിലൂടെ സഞ്ചരിച്ച് പല കഥാപാത്രങ്ങളുടെയും സംഭാഷണങ്ങളായി ചില കഥകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അവിനാശിന്റെ ഉമ്മ എന്ന കഥയിലെ ഉമ്മ തന്റെ മകനോട് ഇങ്ങനെ പറയുന്നു- 'വേഗം എശാഅ് നിസ്‌കാരോം കഴിഞ്ഞ് ഇങ്ങ് പോര്. അധികം ആടെ നിക്കണ്ട. പോരാത്തേന് പോലീസും എറങ്ങീക്ക്ണ്ട്.. ഓല് പിടിച്ച് കൊണ്ട് പോയാ, പിന്നെ നാട്ടിലെറങ്ങാന്‍ പറ്റൂല്ല.' ഈ ഉപദേശം കണ്ണൂരിലെ എല്ലാ ഉമ്മമാരുടേയും അമ്മമാരുടേയും തങ്ങളുടെ മക്കളോടുള്ള ഇനിയുമൊടുങ്ങാത്ത വിലാപസ്വരം കൂടിയാണ്. ബാല്യകാലത്തിന്റെ സുരഭിലമായ നാടോര്‍മകള്‍ കഥാകാരന്റെ മനസിന്റെ അകത്തളങ്ങളില്‍ കുടിയിരിക്കുന്നിടത്തോളം കാലം, ഉറപ്പിച്ചു പറയാം, ഈ എഴുത്തുകാരന് റൈറ്റേഴ്‌സ് ബ്ലോക്ക് എന്ന സമസ്യ വന്നു ചേരാന്‍ യാതൊരു വഴിയുമില്ല.

No comments:
Post a Comment